Breaking News

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം


തിരുവനന്തപുരം: അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാൽ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം.

പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസിനുള്ളിലും,15 വയസിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ 17 വയസിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്തപക്ഷം നൂറ് രൂപ നിരക്ക് ഈടാക്കും.

നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തും. പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധു ആകാൻ സാധ്യതയുണ്ട്. സ്‌കോളർഷിപ്പ്, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്‌കൂൾ/ കോളജ് അഡ്മിഷൻ, എൻട്രൻസ് / പി.എസ്.സി പരീക്ഷകൾ, ഡിജിലോക്കർ, അപാർ, പാൻ കാർഡ് മുതലായവയിൽ ആധാർ ഉപയോഗപ്പെടുത്തുന്നുണ്ട്.

0-5 വയസിലെ പേര് ചേർക്കൽ, നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ എന്നീ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റു ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കും. കേരളത്തിൽ ആധാറിന്റെ നോഡൽ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും നിശ്ചയിച്ചിരിക്കുന്നത്.

ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും വിളിക്കേണ്ട നമ്പർ : സിറ്റിസൺ കാൾ സെൻറർ: 1800-4251-1800 / 0471- 2335523. കേരള സംസ്ഥാന ഐ.ടി മിഷൻ (ആധാർ സെക്ഷൻ): 0471-2525442. സംശയങ്ങൾക്ക് : uidhelpdesk@kerala.gov.in എന്ന മെയിൽ ഐ.ഡി യിലേക്ക് മെയിൽ അയക്കുകയും ചെയ്യാം.

Story Short: Newborn babies below five years of age can also be enrolled in Aadhaar. Biometrics (fingerprint, pupil line) of children aged zero to five years are not collected during Aadhaar enrollment. But children's birth certificate should be produced at the time of enrollment.

No comments