Breaking News

ഡിസയറിന്റെ പുതിയ മോഡൽ വിപണിയിൽ, വില 6.79 ലക്ഷം..


മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാൻ ഡിസയറിന്റെ പുതിയ മോഡൽ വിപണിയിൽ. ഒമ്പത് മോഡലുകളിലായി വിപണിയിലെത്തിയ വാഹനത്തിന്റെ വില 6.79 ലക്ഷം രൂപ മുതലാണ്. എൽഎക്സ്ഐ മനുവലിന് 6.79 ലക്ഷം രൂപയും വിഎക്സ്ഐ മാനുവലിന് 7.79 ലക്ഷം രൂപയും എജിഎസിന് 8.24 ലക്ഷം രൂപയും സിഎൻജി മോഡലിന് 8.74 ലക്ഷം രൂപയും ഇസഡ് എക്സ്ഐ മോഡലിന് 8.89 ലക്ഷം രൂപയും എജിഎസ് മോഡലിന് 9.34 ലക്ഷം രൂപയും സിഎൻജി 9.84 ലക്ഷം രൂപയും ഇസഡ്എക്ഐ പ്ലസ് മോഡലിന് 9.69 ലക്ഷം രൂപയും എജിഎസിന് 10.14 ലക്ഷം രൂപയുമാണ് വില.

ഗ്ലോബൽ എൻസിഎപിയിൽ അഞ്ചു സ്റ്റാർ സുരക്ഷ നേടിയ മാരുതിയുടെ ആദ്യ കാറാണ് ഡിസയർ. മുതിർന്നവരുടെ സുരക്ഷയിൽ 5 സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ നാല് സ്റ്റാറും ഡിസയറിന് ലഭിച്ചു. ആറ് എയർബാഗുകളും ഇഎസ്‌സിയും പെ‍ഡസ്ട്രിയൻ പ്രൊട്ടക്ഷനുമെല്ലാം ഡിസയറിന്റെ അടിസ്ഥാന മോഡൽ മുതലുണ്ട്. മുതിർന്നവരുടെ സുരക്ഷയിൽ 34 ൽ 31.24 മാർക്കും കുട്ടികളുടെ സുരക്ഷയിൽ 48 ൽ 39.20 മാർക്കും ഡിസയറിന് ലഭിച്ചു.

ഡിസൈനില്‍ വലിയ മാറ്റങ്ങളാണ് പുതിയ ഡിസയറില്‍ മാരുതി സുസുക്കി വരുത്തിയിരിക്കുന്നത്. സെഗ്‌മെന്റിൽ തന്നെ ആദ്യമായി സൺറൂഫുമായി എത്തുന്ന കാറാണ് ഡിസയർ. സ്വിഫ്റ്റിന്റെ സെഡാന്‍ മോഡലിനു മുന്‍ ഡിസയറുകളേക്കാള്‍ തനതായ വ്യക്തിത്വം നല്‍കുന്ന ഡിസൈനാണ് ഇത്തവണ നല്‍കിയിരിക്കുന്നത്. മുന്‍ ഗ്രില്ലിൽ ഹെഡ്‌ലാംപുകള്‍ വരെ നീളുന്ന പിയാനോ ബ്ലാക് ഫിനിഷിലുള്ള സ്ട്രിപാണ് അതിൽ എടുത്തു പറയേണ്ടത്.

ഇന്‍ഡിക്കേറ്ററുകള്‍ ഹെഡ്‌ലാംപുകള്‍ക്ക് അടിയിലായാണ് നല്‍കിയിട്ടുള്ളത്. ക്രിസ്റ്റൽ വിഷൻ ഹെഡ്‌ലാംപ് സെ‍ഗ്മെന്റിൽ തന്നെ ആദ്യമാണെന്ന് മാരുതി പറയുന്നു. ഇവ രണ്ടും വേർതിരിച്ചുകൊണ്ട് എൽഇഡി സ്ട്രിപ് ലാംപുണ്ട്. ബംപറില്‍ എല്‍ഇഡി ഫോഗ് ലാംപും. കൂടുതല്‍ ഷാര്‍പ്പായ ഡിസൈനാണ് വാഹനത്തിന്റെ മുന്‍ഭാഗത്തിനുള്ളത്. പിന്നില്‍ ടെയില്‍ ഗേറ്റിന്റെ ഇടതുഭാഗത്താണ് ഡിസയര്‍ ബ്രാന്‍ഡിങ് നല്‍കിയിട്ടുള്ളത്. മുന്‍തലമുറ ഡിസയറുകളെ അപേക്ഷിച്ച് ടെയില്‍ ലാംപ് ഡിസൈനില്‍ വ്യത്യാസമുണ്ട്.

ഇന്റീരിയറിലും ഏറെ മാറ്റങ്ങളുണ്ട്. ഡ്യുവൽ ടോൺ ഇന്റീരിയറാണ്. വുഡ് ഫിനിഷും സിൽവ്വർ ആക്സെന്റുകൾ നൽകിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ, ഫ്‌ളോട്ടിങ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീറിങ് വീല്‍, കളര്‍ എംഐഡി, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ചാർജിങ് പോർട്ടുകൾ തുടങ്ങി നിരവധി ഫീച്ചറുകളുണ്ട്. കൂടാതെ സുരക്ഷയ്ക്കായി ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം അടക്കം 15 ൽ അധികം സുരക്ഷാ ഫീച്ചറുകളുണ്ട്.

സ്വിഫ്റ്റിലൂടെ അരങ്ങേറിയ 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ഡിസയറിലും. 80 എച്ച്പി കരുത്തും പരമാവധി 112 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും. ആദ്യഘട്ടത്തില്‍ പെട്രോളെങ്കില്‍ പിന്നീട് സിഎന്‍ജി എന്‍ജിനും ഡിസയറിന് ലഭിക്കും. 5 സ്പീഡ് മാനുവല്‍/എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. മാനുവൽ മോഡലിന് 24.7 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 25.7 കിലോമീറ്ററും സിഎൻജി മോഡലിന് 33.73 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. ഹോണ്ട അമേസ്, ഹ്യുണ്ടേയ് ഓറ, ടാറ്റ ടിഗോര്‍ എന്നീ മോഡലുകളോടാണ് മാരുതി സുസുക്കി ഡിസയര്‍ മത്സരിക്കുക.

NEWS SHORT: The new model of Maruti Suzuki's popular sedan Dzire is in the market. The vehicle is available in nine models and is priced from Rs 6.79 lakh. 6.79 lakh for the LXI manual, Rs 7.79 lakh for the VXI manual, Rs 8.24 lakh for the AGS and Rs 8.74 lakh for the CNG model.
The ZXI model is priced at Rs 8.89 lakh, the AGS model is priced at Rs 9.34 lakh, the CNG model is priced at Rs 9.84 lakh, the ZI Plus model is priced at Rs 9.69 lakh and the AGS model is priced at Rs 10.14 lakh.

No comments