Breaking News

ഡിജിറ്റല്‍ തെളിവുകള്‍ക്ക് ആധികാരികത ഹാഷ് വാല്യൂവിലൂടെ


ദിലീപ് കേസിലൂടെ മെമ്മറി കാര്‍ഡിന്റെ ഹാഷ്‌വാല്യൂ ചര്‍ച്ചയായിരിക്കുകയാണെല്ലോ, എന്താണ് ഹാഷ് വാല്യൂ? നമുക്കു പരിശോധിക്കാം. ‘ഹാഷ്‌വാല്യൂ’ എന്ന വാക്ക് ഇന്ന് പരിചിതമായ ഒന്നായിരിക്കുന്നു. ഡിജിറ്റൽ ഉപകരണങ്ങളും അവയിലെ തെളിവുകളും കോടതിനടപടികളിൽ അംഗീകരിക്കപ്പെടണമെങ്കിൽ അവ വിശ്വസനീയവും ആധികാരികവുമായിരിക്കണം. അവിടെയാണ് സൈബർ ഫൊറൻസിക് എന്ന ശാസ്ത്രശാഖയുടെ പ്രാധാന്യം. ഹാഷ്‌വാല്യൂവിന്റെയും.

സാധാരണ തെളിവുകൾ ശേഖരിക്കുന്ന രീതിയിലല്ല അന്വേഷണോദ്യോഗസ്ഥർ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതും അവ സൂക്ഷിക്കുന്നതും. മോഷണംനടന്ന സ്ഥലത്തുനിന്ന്‌ കിട്ടുന്ന വിരലടയാളങ്ങളും തലമുടിയും ഡിജിറ്റലല്ലാത്ത മറ്റുതെളിവുകളും ശേഖരിക്കുന്നതും അവയെ ഫൊറൻസിക് അനാലിസിസ് നടത്തുന്നതുംപോലെയല്ല അവിടെയുള്ള സി.സി.ടി.വി. ക്യാമറയിൽനിന്നുള്ള വീഡിയോദൃശ്യങ്ങൾ ശേഖരിക്കുന്നതും അവ വിശകലനംചെയ്യുന്നതും.

 വിരലടയാളവും തലമുടിയുമൊക്കെ ഫൊറൻസിക് വിദഗ്ധർ പരിശോധിക്കുന്നത് അവ പ്രത്യക്ഷമായി വിശകലനംചെയ്തിട്ടാണ്. അത്തരം തെളിവുകളുടെ യഥാർഥപകർപ്പ് ഫൊറൻസിക് പരിശോധനകളിൽ സൃഷ്ടിക്കപ്പെടുന്നില്ല; അതിന്‌ കഴിയുകയുമില്ല. അതുപോലെ വിരലടയാളം, ഡി.എൻ.എ. തുടങ്ങിയ ഡിജിറ്റലല്ലാത്ത തെളിവുകളിൽ സാങ്കേതികമായി കൃത്രിമംവരുത്താനുള്ള സാധ്യതയും തീരെയില്ല. എന്നാൽ, ഡിജിറ്റൽ തെളിവുകൾ അങ്ങനെയല്ല. ഇലക്‌ട്രോണിക് ഉപകരണങ്ങളിൽ ശേഖരിക്കപ്പെടുന്ന ഡിജിറ്റൽ തെളിവുകൾ ഏതുസമയത്തും പ്രത്യക്ഷമായല്ലാതെത്തന്നെ നശിപ്പിക്കാനോ കേടുവരുത്താനോ തിരുത്താനോ കൂട്ടിച്ചേർക്കാനോ കഴിയും. അതുകൊണ്ടുതന്നെ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി സൈബർ ഫൊറൻസിക് ശാസ്ത്രം മുന്നോട്ടുവെക്കുന്ന സാങ്കേതികവിദ്യയാണ് ഹാഷിങ്‌.

ഇവിടെ മോഷണസ്ഥലത്തുനിന്ന് കിട്ടിയ സി.സി.ടി.വി. ക്യാമറയിൽനിന്നുള്ള വീഡിയോ നമുക്ക് വിശ്വാസയോഗ്യമായി കോടതിയിൽ സമർപ്പിക്കണം. അവയിൽ ഒരുതരത്തിലും മാറ്റം വരുത്താനോ പിന്നീട് മാറ്റംവരുത്താനായി അവസരം കൊടുക്കാനോ പാടില്ല. അതിനായി സി.സി.ടി.വി. ക്യാമറയിലെ ദൃശ്യം ശേഖരിച്ചുവെച്ചിരിക്കുന്ന ഡിസ്ക് ഊരിമാറ്റി, ഫൊറൻസിക് സോഫ്റ്റ്‌വെയർ സ്ഥാപിച്ചിരിക്കുന്ന ഒരു കംപ്യൂട്ടറിലേക്ക്, എഴുത്തുതടസ്സപ്പെടുത്തുന്ന ഒരു ഉപകരണംമുഖേന ഘടിപ്പിക്കുന്നു. 

ഇവിടെ എഴുത്ത്‌ തടസ്സപ്പെടുത്തുന്ന ഉപകരണം വളരെ പ്രധാനമാണ്. അതിനുകാരണം വഴിയേ വ്യക്തമാക്കാം. അതിനുശേഷം കംപ്യൂട്ടറിൽ സ്ഥാപിച്ചിരിക്കുന്ന ഫൊറൻസിക് സോഫ്റ്റ്‌വേർ , സി.സി.ടി.വി. ഡിസ്കിലെ വീഡിയോ മുഴുവൻ വായിച്ചുമനസ്സിലാക്കുകയും ആ വീഡിയോക്ക് ഏറ്റവും അനുയോജ്യമായ രീതിയിലുള്ള ഒരു കോഡുണ്ടാക്കുകയും ചെയ്യുന്നു. ഈ കോഡ് എന്നത് ഇംഗ്ലീഷ് അക്ഷരങ്ങളുടെയും പൂജ്യംമുതൽ ഒന്പതുവരെയുള്ള നമ്പറുകളുടെയും ഒരു സമ്മിശ്രണമാണ്. ഈ കോഡിനെയാണ് ഹാഷ്‌വാല്യൂ എന്ന് പറയുന്നത്.

ഈ കോഡിന്, ഫൊറൻസിക് സോഫ്റ്റ്‌വേർ ഉപയോഗിച്ച അൽഗോരിതം (നടപടിക്രമം) അനുസരിച്ചുള്ള ഒരു നിശ്ചിതദൈർഘ്യമുണ്ടായിരിക്കും. എസ്.എച്ച്.എ. 1, എസ്.എച്ച്.എ. 2, എം.ഡി. 5 എന്നിങ്ങനെ വിവിധതരം അൽഗോരിതങ്ങൾ ഉപയോഗിച്ച് ഹാഷ് വാല്യൂ സൃഷ്ടിക്കാൻ കഴിയും. എത്രവലിയ േഡറ്റാസംഭരണശേഷിയുള്ള ഡിസ്കാണെങ്കിലും ഹാഷ്‌വാല്യൂവിന്റെ ദൈർഘ്യംമാറില്ല. എന്നാൽ, ഉപയോഗിക്കുന്ന അൽഗോരിതങ്ങൾക്കനുസരിച്ച്‌ ഹാഷ് വാല്യൂവും അതിന്റെ ദൈർഘ്യവും മാറുന്നു. ഉദാഹരണത്തിന് എസ്.എച്ച്.എ. 2 എന്ന അൽഗോരിതമുണ്ടാക്കുന്ന ഹാഷ് വാല്യൂവിന്റെ ദൈർഘ്യം 32 ആണ്. എന്നാൽ, എം.ഡി.5 എന്ന അൽഗോരിതമാണ് ഉപയോഗിച്ചതെങ്കിൽ അതിന്റെ ദൈർഘ്യം 16 മാത്രമായിരിക്കും. ‘ec55d3e698d289f2afd663725127bace’ എന്നത് എസ്.എച്ച്.എ.2 എന്ന അൽഗോരിതം ഉപയോഗിച്ച് നിർമിച്ച ഒരു മാതൃക ഹാഷ്‌വാല്യൂവാണ്.

മുകളിൽ സൂചിപ്പിച്ച ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളുമുള്ള ഒരു സീക്വൻസ് (ക്രമം) ആണ് ഈ ഹാഷ്‌വാല്യൂ. ഒരു ഡിസ്കിലുള്ള േഡറ്റയുപയോഗിച്ച്‌ സൃഷ്ടിക്കുന്ന ഈ ക്രമം മറ്റൊരു ഡിസ്ക് ഉപയോഗിച്ച്‌ സൃഷ്ടിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഡിസ്കിലുള്ള ഡിജിറ്റൽ േഡറ്റ ഏതെങ്കിലും കാരണവശാൽ മാറ്റപ്പെട്ടിട്ടില്ലെങ്കിൽ എത്ര തവണ ഹാഷിങ്‌ നടത്തിയാലും ഈ സീക്വൻസ് മാറില്ല. ഇത്തരത്തിലുള്ള 340,282,366,920,938,463,463,374,607,431,768,211,456 - എന്ന വലിയ നമ്പറിന്റെ അത്രയും കോമ്പിനേഷൻ ഹാഷ് വാല്യൂകൾ നിർമിക്കാൻ എസ്.എച്ച്.എ.2 എന്ന് അൽഗോരിതത്തിന്‌ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. അതുകൊണ്ടുതന്നെ ലോകത്തിലുള്ള മുഴുവൻ കംപ്യൂട്ടറുകളും മൊബൈൽഫോണുകളും മറ്റ്‌ ഡിജിറ്റൽ ഉപകരണങ്ങളുമൊക്കെ ഹാഷിങ്ങിന് വിധേയമാക്കുകയാണെങ്കിൽക്കൂടി, 

ഓരോ ഉപകരണത്തിനും പ്രത്യേകം ഹാഷ്‌വാല്യൂ സൃഷ്ടിക്കാൻ കഴിയും. അതുകൊണ്ടാണ് ഹാഷിങ്‌ എന്ന പ്രക്രിയയെയും ഹാഷ് വാല്യൂവിനെയും ഡിജിറ്റൽ തെളിവുകളുടെ വിശ്വാസ്യത സ്ഥാപിക്കാൻ ലോകമെമ്പാടുമുള്ള കോടതികൾ അംഗീകരിച്ചിരിക്കുന്നത്. കോടതിയിൽ ഡിജിറ്റൽ തെളിവുകൾ സമർപ്പിക്കുമ്പോൾത്തന്നെ അവയുടെ ആധികാരികത സ്ഥാപിക്കുന്നതിനായി ഹാഷ്‌വാല്യൂവും പ്രത്യേകമായി നൽകേണ്ടതാണ്.

രണ്ട്‌ വ്യത്യസ്ത ​ഡേറ്റയുള്ള ഡിസ്കുകളുടെ ഹാഷ്‌വാല്യൂ ഒരിക്കലും ഒരേപോലെയായിരിക്കില്ല എന്ന സവിശേഷതകാരണം ഹാഷ്‌വാല്യൂവിന്‌ ഡിജിറ്റൽ തെളിവുകളുടെ ഡി.എൻ.എ. എന്ന് വിളിക്കാറുണ്ട്. സി.സി.ടി.വി. ഡിസ്കിലെപ്പോലെത്തന്നെ കംപ്യൂട്ടർ ഡിസ്കിന്റെയും പെൻഡ്രൈവിന്റെയും മൊബൈൽ ഫോണിന്റെയും സി.ഡി.യുടെയും എന്നുവേണ്ട േഡറ്റാസംഭരണശേഷിയുള്ള ഏതുപകരണത്തിന്റെയും ഹാഷ്‌വാല്യൂ സൃഷ്ടിക്കാൻ ഫൊറൻസിക് സോഫ്റ്റ്‌വേർ ഉപയോഗിച്ച് കഴിയും. അതുപോലെത്തന്നെ ഇത്തരം ഉപകരണങ്ങളിൽ ശേഖരിക്കുന്ന ഓരോ ഫയലുകളുടെയും ഹാഷ്‌വാല്യൂ വെവ്വേറെയുണ്ടാക്കാൻ ഈ സോഫ്റ്റ്‌വേർ ഉപയോഗിക്കാം.

റൈറ്റ് ബ്ലോക്കർ
എഴുത്ത്‌ തടസ്സപ്പെടുത്തുന്ന ഉപകരണം (റൈറ്റ് ബ്ലോക്കർ ) വളരെ പ്രധാനമാണെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. സാധാരണ പെൻഡ്രൈവ്പോലുള്ള ഏത്‌ ഡേറ്റാസംഭരണ ഉപകരണവും കംപ്യൂട്ടറിൽ ഘടിപ്പിച്ചാൽ ആ ഉപകരണവും കംപ്യൂട്ടറും തമ്മിൽ ആശയവിനിമയം നടക്കുകയും അതുവഴി പ്രസ്തുത ഉപകരണത്തിൽ പുതിയ േഡറ്റ എഴുതപ്പെടുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന്, നമ്മുടെ സി.സി.ടി.വി.യിലെ ഒരു ഫയൽ, 

എഴുത്ത്‌ തടസ്സപ്പെടുത്തുന്ന ഉപകരണമില്ലാതെ തുറന്നുനോക്കുകയാണെങ്കിൽ അതിലെ, അവസാനം ഫയൽ തുറന്നുകണ്ട സമയം പുതിയ സമയമായി മാറ്റപ്പെടുന്നു. അപ്പോൾ പുതിയ സമയം സി.സി.ടി.വി. ഡിസ്കിൽ എഴുതപ്പെടുന്നു. അഥവാ ഡിസ്കിലെ േഡറ്റ മാറ്റപ്പെടുന്നു. അങ്ങനെവരുകയാണെങ്കിൽ ഫാറൻസിക് അനാലിസിസിൽ പ്രസ്തുത ഫയൽ ഓപ്പൺചെയ്തതായി മനസ്സിലാക്കാൻ കഴിയും. വീണ്ടും െഫാറൻസിക് സോഫ്റ്റ്‌വേർ ഉപയോഗിച്ച് ഹാഷ് വാല്യൂ നോക്കുകയാണെങ്കിൽ ഒരിക്കലും പഴയ ഹാഷ്‌വാല്യൂ കിട്ടുകയുമില്ല. ഡിസ്കിലുള്ള ഡറ്റ മനഃപൂർവമോ അല്ലാതെയോ മാറ്റിയാൽ ഹാഷ് വാല്യൂ മാറുന്നതിനുള്ള കാരണമാകുകയും അത്തരം തെളിവുകളുടെ വിശ്വാസ്യത കോടതിയിൽ ചോദ്യംചെയ്യപ്പെടാനുള്ള സാഹചര്യവുമുണ്ടാകുകയും ചെയ്യുന്നു.

No comments