Breaking News

399 രൂപയ്ക്ക് 1000 ജിബി ഡേറ്റ, മികച്ച പ്ലാനുമായി ബിഎസ്എൻഎൽ, കേരളത്തിലും ലഭിക്കും


രാജ്യത്തെ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പുതിയ വരിക്കാരെ ആകർഷിക്കാനും നിലവിലെ വരിക്കാരെ പിടിച്ചുനിർത്താനും നിരവധി പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ജിയോ ബ്രോഡ്ബാൻഡ് സജീവമായതോടെ നഗരങ്ങളിലെ വരിക്കാരെ ആകർഷിക്കാനായി ഇതുവരെ ഒരു ടെലികോം കമ്പനിയും നൽകാത്ത ഓഫറാണ് ബിഎസ്എന്‍എൽ നൽകുന്നത്. കേവലം 399 രൂപയ്ക്ക് പ്രതിമാസം 1000 ജിബി ഡേറ്റ ലഭിക്കുന്ന പ്ലാൻ കേരളത്തിലും ലഭ്യമാണ്.

ബിഎസ്എന്‍എല്ലിന്റെ ചെലവു കുറഞ്ഞ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ആണിത്. 30 എംബിപിഎസ് സ്പീഡുള്ള കണക്ഷന് പ്രതിമാസ് 399 രൂപയാണ് നല്‍കേണ്ടത്. പ്ലാൻ പ്രകാരം 30 ദിവസത്തേക്ക് 1000 ജിബി ഡേറ്റ ലഭിക്കും. അതേസമയം, ഈ പ്ലാന്‍ 90 ദിവസത്തേക്ക് ആണ് ലഭിക്കുക. അതു കഴിഞ്ഞാല്‍ പ്രതിമാസം 499 രൂപ നല്‍കേണ്ട പ്ലാനിലേക്കു മാറേണ്ടിവരും.

1000 ജിബി ഡേറ്റ ഉപയോഗിച്ചു കഴിഞ്ഞാൽ വേഗം 2 എംബിപിഎസ് ആയി കുറയും. ഈ പ്ലാനിൽ അധിക ചെലവില്ലാതെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കും. കൂടാതെ, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പ്ലാനിനായി പണമടയ്ക്കുമ്പോൾ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത 2 ശതമാനം റിവാർഡ് പോയിന്റ് ബോണസ് ലഭിക്കും. 399 രൂപ പ്ലാൻ ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ലഭ്യമാകുക. തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ പ്ലാൻ ലഭ്യമാണെന്ന് ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.

449 രൂപയുടെ ബിഎസ്എൻഎൽ ഫൈബർ ബേസിക് പാക്കേജിൽ 30 എംബിപിഎസ് ഡൗൺലോഡ് വേഗവും 3.3 ടിബി ഡേറ്റാ ഉപഭോഗവും ഉൾപ്പെടുന്നു. ഫെയർ യൂസേജ് പോളിസി (FUP) പരിധിയിൽ എത്തിയാൽ വേഗം 399 രൂപ പ്ലാൻ പോലെ 2 എംബിപിഎസ് ആയി കുറയും. ഈ പ്ലാനിലും ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കും.

ബിഎസ്എൻഎല്ലിന്റെ എൻട്രി ലെവൽ ഫൈബർ ബ്രോഡ്‌ബാൻഡ് പാക്കേജും അടിസ്ഥാന ഫൈബർ പ്ലാനും കൂടാതെ മറ്റ് ചില ബ്രോഡ്‌ബാൻഡ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. 749 രൂപയുടെ ഭാരത് ഫൈബർ സൂപ്പർസ്റ്റാർ പ്രീമിയം 1 പ്ലാനിൽ 100 എംബിപിഎസ് ഡൗൺലോഡ് വേഗത്തിൽ 100 ജിബി ഡേറ്റ ഉപയോഗിക്കാം. പരിധി കഴിഞ്ഞാൽ വേഗം 5 എംബിപിഎസായി കുറയും.

949 രൂപയുടെ ഭാരത് ഫൈബർ സൂപ്പർസ്റ്റാർ പ്രീമിയം 2 പ്ലാനിൽ 150 എംബിപിഎസ് വേഗത്തിൽ 200 ജിബി വരെ ഡേറ്റയും വാഗ്ദാനം ചെയ്യുന്നു. ഇതിനുശേഷം വേഗം 10 എംബിപിഎസ് ആയി കുറയും. സോണിലൈവ് പ്രീമിയം, വൂട്ട് സെലക്റ്റ്, യുപ്ടിവി ലൈവ് തുടങ്ങി ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ ഇതിൽ ഉൾപ്പെടുന്നു. ആൻഡമാൻ നിക്കോബാർ ഒഴികെ എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഈ പ്ലാനുകൾ ലഭ്യമാണ്.

English Summary: Bharat Sanchar Nigam Limited has come up with a number of plans to attract new subscribers and retain existing subscribers. With the launch of Geo Broadband, BSNL is offering an unprecedented offer to attract subscribers in cities. The plan is also available in Kerala with 1000 GB of data per month for just Rs 399.

No comments