Breaking News

ആപ്പിളിനെ കീഴടക്കി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്!


ഇന്ത്യന്‍ വംശജനായ സത്യ നദെല നയിക്കുന്ന മൈക്രോസോഫ്റ്റ് വീണ്ടും ആപ്പിളിനെ പിന്നിലാക്കി ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി. മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 2.49 ട്രില്ല്യന്‍ ഡോളറാണ്. എന്നാൽ ആപ്പിള്‍ കമ്പനിക്ക് ഇപ്പോള്‍ 2.46 ട്രില്ല്യന്‍ ഡോളര്‍ മൂല്യമാണുള്ളത് എന്ന് സിഎന്‍ബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വാള്‍സ്ട്രീറ്റിന്റെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനായില്ലെന്ന് ആപ്പിള്‍ തന്നെ അറിയിച്ചിരുന്നു. ഉപകരണങ്ങള്‍ നിർമിക്കാന്‍ വേണ്ട ചിപ്പുകളുടെയും മറ്റു ഘടകഭാഗങ്ങളുടെയും വലിയ പ്രതിസന്ധിയാണ് ഇതിനു കാരണം. ഇക്കാലത്ത് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ ഏകദേശം 600 കോടി ഡോളറാണ് ആപ്പിളിന് കുറഞ്ഞത്. അതേസമയം മൈക്രോസോഫ്റ്റ് പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് ഉയരുകയും ചെയ്തു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയതിനേക്കാള്‍ 22 ശതമാനം അധിക വരുമാനമാണ് മൈക്രോസോഫ്റ്റ് ഈ വര്‍ഷം മൂന്നു പാദങ്ങളിലുമായി സ്വന്തമാക്കിയത്.

∙ ബോറിങ് കമ്പനി?

പ്രത്യക്ഷത്തില്‍ മൈക്രോസോഫ്റ്റ് ഒരു ബോറിങ് കമ്പനിയാണ്. എന്നാല്‍, ബോറിങ് ആയിരിക്കുക എന്നു പറയുന്നത് ഒരു നല്ല തന്ത്രമാണെന്ന് ഇങ്ക്.കോം റിപ്പോര്‍ട്ടു ചെയ്യുന്നു. മൈക്രോസോഫ്റ്റിന്റെ നേട്ടത്തെ ഇടിച്ചു താഴ്ത്തുന്ന ഒന്നല്ല ഈ നിരീക്ഷണമെന്നും അവര്‍ പറയുന്നു. മൈക്രോസോഫ്റ്റിന്റെ പ്രധാന വരുമാനമാര്‍ഗങ്ങള്‍ ക്ലൗഡ് കംപ്യൂട്ടിങും ഓഫിസ് പ്രോഡക്ടിവിറ്റി സബ്‌സ്‌ക്രിപ്ഷനുകളുമാണ്. ഇവ ഐഫോണുകൾ, മറ്റു ഉപകരണങ്ങൾ പോലെ ഒരാളെയും ആവേശഭരിതരാക്കുന്നവയല്ല. ഇവ ബോറിങ് ആണ്. അതേസമയം, ഈ ബിസിനസുകള്‍ വളരെയധികം ലാഭമുണ്ടാക്കുന്നു എന്നതു കൂടാതെ അധികം മാര്‍ക്കറ്റ് ചാഞ്ചാട്ടവും ഉണ്ടാക്കുന്നില്ല. ഇത് മൈക്രോസോഫ്റ്റിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നു.

∙ മൈക്രോസോഫ്റ്റിനുമുണ്ട് തന്ത്രങ്ങള്‍

ഐഫോണും ആപ്പിള്‍ മ്യൂസിക്കും ഐമെസേജുമെല്ലാമായി ആപ്പിള്‍ ഉപയോക്താക്കളെ തളച്ചിടുന്നതു പോലെ മൈക്രോസോഫ്റ്റ് വേഡ്, ആഷ്വര്‍ (Azure അസ്യുവര്‍ എന്നും ഉച്ചാരണമുണ്ട്), ടീംസ് എന്നിവ ഉപയോഗിച്ച് മൈക്രോസോഫ്റ്റും ഉപയോക്താക്കളെ തങ്ങള്‍ക്കൊപ്പം നിർത്തുന്നു. മൈക്രോസോഫ്റ്റ് സര്‍ഫസ് പ്രോ 8 മികച്ച ഒരു ലാപ്‌ടോപ്പ് ആണ്. എന്നാല്‍, ആപ്പിള്‍ ഏതാനും ആഴ്ചകള്‍ക്കു മുൻപ് പുതിയ മാക്ബുക്ക് പ്രോകള്‍ അവതരിപ്പിച്ചപ്പോള്‍ ഉണ്ടായ ആഘോഷം മൈക്രോസോഫ്റ്റിന്റെ ഹാര്‍ഡ്‌വെയര്‍ വരുമ്പോഴൊന്നും ഉണ്ടാകുന്നില്ല. ലോകത്ത് ആദ്യം 1 ട്രില്ല്യന്‍ ഡോളറും പിന്നിട് 2 ട്രില്ല്യന്‍ മൂല്ല്യവുമുള്ള കമ്പനിയായി മാറിയതിന്റെ കീര്‍ത്തി ഇപ്പോഴും ആപ്പിളിനു സ്വന്തമാണ്. എന്നാല്‍, ആപ്പിളിന്റെ സപ്ലൈ ചെയിന്‍ പ്രശ്‌നങ്ങള്‍ പിരഹരിക്കാനായാല്‍ കമ്പനി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചു വരുമെന്നും പ്രതീക്ഷിക്കുന്നു.

∙ നിശബ്ദ വിപ്ലവത്തിന്റെ അമരക്കാരന്‍

മൈക്രോസോഫ്റ്റ് സ്ഥാപകനും മുന്‍ മേധാവിയുമായിരുന്ന ബില്‍ ഗെയ്റ്റ്‌സും പിന്നീടുവന്ന സ്റ്റീവ് ബാമറും ഉണ്ടാക്കിയിട്ടുള്ള ശ്രദ്ധയാകര്‍ഷിക്കൽ നദെല നടത്തിയില്ല. അദ്ദേഹത്തിനു കീഴില്‍ മൈക്രോസോഫ്റ്റ് ഒന്നു കൂടി നിശബ്ദതയിലേക്കു വലിഞ്ഞു. മൈക്രോസോഫ്റ്റിനെ മൈക്രോസോഫ്റ്റ് ആക്കിയ പ്രോഡക്ടായ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് അപ്പുറത്തേക്ക് കമ്പനി നീങ്ങുന്നത് നദെലയ്ക്ക് ഒപ്പമാണ്. അദ്ദേഹം ഊന്നല്‍ നല്‍കാന്‍ തീരുമാനിച്ചത് ക്ലൗഡ് കംപ്യൂട്ടിങ്ങിനാണ്. ലോകത്തെ ഏറ്റവും വലിയ 500 കമ്പനികളില്‍ 78 ശതമാനവും ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റ് ക്ലൗഡാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നദെലയുടെ പ്രവര്‍ത്തന ശൈലിയെ ബോറിങ് എന്നു വിശേഷിപ്പിക്കാന്‍ ചിലരെങ്കിലും ശ്രമിക്കുന്നു. എന്നാല്‍, മുന്‍ മേധാവി സ്റ്റീവ് ജോബ്‌സിനു ശേഷം ആപ്പിള്‍ പോലും ഒരു ബോറിങ് കമ്പനിയായി തുടങ്ങിയിരിക്കുകയാണ് എന്നും ചില വിശകലന വിദഗ്ധര്‍ കരുതുന്നു.

∙ മറ്റു കരുത്തുറ്റ കമ്പനികള്‍ ഏതൊക്കെ?

വരും വര്‍ഷങ്ങളില്‍ ആപ്പിളിനും മൈക്രോസോഫ്റ്റിനും അപ്പുറത്തേക്കു കടന്നേക്കാവുന്ന കമ്പനികളുടെ പട്ടികയയില്‍ ടെസ്‌ലയുമുണ്ട്. എന്‍വിഡിയ, ചൈനയിലെ ടെന്‍സന്റ് ഹോള്‍ഡിങ്‌സ് തുടങ്ങിയവയും ഭാവിയില്‍ ഏറ്റവും മൂല്യമുള്ള കമ്പനിയായി തീരാന്‍ സാധ്യതയുള്ളവയാണ്. ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലെങ്കില്‍ ടെന്‍സന്റിന് വരും വര്‍ഷങ്ങളില്‍ വന്‍ വളര്‍ച്ചാ സാധ്യതയാണ് ഉള്ളത്. ഈ കമ്പനികള്‍ക്കു പിന്നിലായി പേപാല്‍, എഎസ്എംഎല്‍ ഹോള്‍ഡിങ് എന്‍വി, ചിപ്പ് നിര്‍മാതാവ് ടിഎസ്എംസി ലിമിറ്റഡ് തുടങ്ങി കമ്പനികളും വന്‍ കുതിപ്പു നടത്താന്‍ ഇടയുള്ളവയാണ്.

∙ വമ്പന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് അധിക നികുതി വരുന്നു

ജി20 നേതാക്കളുടെ തീരുമാനപ്രകാരം വമ്പന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് അധിക നികുതി ചുമത്തുമെന്ന് ബിബിസി ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ആഗോള തലത്തില്‍ എല്ലാ ടെക്‌നോളജി കമ്പനികളില്‍ നിന്നും കുറഞ്ഞത് 15 ശതമാനം നികുതി ഈടാക്കാനാണ് തീരുമാനം. ഇതിനായി നിയമങ്ങള്‍ മാറ്റിയെഴുതേണ്ടി വന്നേക്കും. അതിന് സമയമെടുത്തേക്കാമെന്നതിനാല്‍ പുതിയ നികുതികള്‍ 2023 മുതലായിരിക്കാം പല രാജ്യങ്ങളിലും പ്രാബല്യത്തില്‍ വരിക.

മുൻപും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പല പഴുതുകളും കണ്ടുപിടിച്ച് കമ്പനികള്‍ രക്ഷപെടുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ അത് ആവര്‍ത്തിക്കാതിരിക്കാനുളള മുന്‍കരുതലുകള്‍ എടുക്കാനാണ് ജി20 നേതാക്കള്‍ ശ്രമിക്കുന്നത്. ഇനി ആമസോണ്‍, ആപ്പിള്‍, ഗൂഗിള്‍, മെറ്റാ, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ അമേരിക്കന്‍ ഭീമന്മാര്‍ ടാക്‌സ് വെട്ടിക്കാനായി അയര്‍ലൻഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് ഉദ്ദേശം. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പ്രശ്‌നങ്ങള്‍ തരണം ചെയ്യാനായി ഫണ്ടുണ്ടാക്കാനാണ് ടെക് ഭീമന്മാരില്‍ നിന്ന് അധിക നികുതി വാങ്ങുക.

English Summary: Microsoft, led by Indian - born Satya Nadela, has once again overtaken Apple to become the world's most valuable company. Microsoft's current market value is $ 2.49 trillion. But Apple is now valued at $ 2.46 trillion, according to CNBC.

No comments